മോഹൻലാലും മുകേഷും വീണ്ടും ഒന്നിക്കുന്നു. അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രധാന വേഷത്തിൽ മുകേഷ് എത്തുന്നത്.
മോഹൻലാൽ–മുകേഷ് ഹിറ്റ് കോമ്പോയിലിറങ്ങിയ പ്രിയദർശൻ ചിത്രം കാക്കക്കുയിലിന്റെ രംഗം പങ്കുവച്ചാണ് മുകേഷിന്റെ പോസ്റ്റ്.
‘ഞങ്ങളുടെ അടുത്ത സിനിമ ഉടൻ വരുന്നു’ എന്ന അടിക്കുറിപ്പോടെയാണ് മുകേഷിന്റെ പോസ്റ്റ്. ‘കാക്കക്കുയിലി’ലെ ഇവരുടെ ഹിറ്റായ കോമഡി രംഗങ്ങൾ ഉൾപ്പെടുത്തിയ ഫാൻമെയ്ഡ് റീലാണ് മുകേഷ് പങ്കുവച്ചത്.
പോസ്റ്റിൽ മുകേഷ്, മോഹൻലാലിനെയും അനൂപ് സത്യനെയും ടാഗ് ചെയ്തിരുന്നു.
ബിഗ് സ്കെയിലിൽ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ട് നവംബറിൽ ആരംഭിക്കും. ദുല്‍ഖറിനെയും കല്യാണി പ്രിയദർശനെയും പ്രധാന കഥാപാത്രങ്ങളാക്കിയ ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയ്ക്ക് ശേഷം അനൂപ് സത്യൻ ഒരുക്കുന്ന ചിത്രമാണിത്.
കോമഡി ആക്ഷൻ ത്രില്ലറാകും ചിത്രമെന്നാണ് സൂചന. ചിത്രത്തിന്റെ കഥയും തിരക്കഥയും അനൂപ് തന്നെയാണ്. ബൾട്ടി സിനിമയുടെ നിർമാതാവായ ബിനു ജോർജ് അലക്സാണ്ടറും ആശിർവാദ് സിനിമാസും ചേർന്നാണ് നിർമാണം.
ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. ‘ഭ്രമയുഗം’, ‘ഉള്ളൊഴുക്ക്’, ‘ഡീയസ് ഈറ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷഹ്നാദ് ജലാൽ ആണ് കാമറ.
സംവിധായകൻ അനൂപ് സത്യൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റ് നിർവഹിക്കുന്നത്. സിങ്ക് സൗണ്ടിലാണ് ചിത്രം ഒരുക്കുന്നത്. ലൊക്കേഷൻ സൗണ്ടും സൗണ്ട് ഡിസൈനും നിർവഹിക്കുന്നത് അനിൽ രാധാകൃഷ്ണനാണ്.